മലപ്പുറത്ത് മൂന്ന് ദിവസമായി പരുന്തിനെ പേടിച്ച് പുറത്തിറങ്ങാതെ കുട്ടികള്‍. പനമ്പാട് നവോദയം വായനശാലക്ക് സമീപം താഴത്തേല്‍ അജിത്തിന്റെ വീട്ടിലാണ് പരുന്തിന്റെ പരാക്രമണം.
പ്രദേശത്ത് പരുന്തിന്റെ ആക്രമണം ഇതാദ്യമായാണ്. കുട്ടികളെ വിടാതെ പിന്തുടര്‍ന്ന് ഇവ പറന്നെത്തും. പ്രാവിന്‍ കൂട്ടിനിരികിലേക്ക് വരുന്ന പരുന്തിനെ കണ്ടപ്പോള്‍ കുട്ടികള്‍ അതിനെ ആട്ടി ഓടിച്ചിരുന്നു. അതിനു ശേഷമാണ് പരുന്തുകള്‍ കുട്ടികളെ വിടാതെ പിന്തുടരാന്‍ തുടങ്ങിയത്. ഭക്ഷണം കിട്ടാത്തതുകൊണ്ടാണ് പരുന്ത് ഇങ്ങനെ പെരുമാറുന്നത് എന്നും പരുന്ത് വെറുതെ ആരെയും ആക്രമിക്കാറില്ല എന്നൊക്കെയുള്ള വിദഗ്ദ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം കൊടുക്കുകയും ചെയ്തു.
എന്നാല്‍ അതിനു ശേഷവും പരുന്തിന്റെ പരാക്രമത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. പ്രദേശത്തുകാരായ കരുണക്കോട്ട് രജീഷ്, മലയം കുളത്ത് ശകുന്തള, എന്നിവര്‍ക്കും പരുന്തിന്റെ നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്. പരുന്തിനെ എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് അജിത്തും കുടുംബവും.