മലപ്പുറം: നിലമ്പൂര്‍ വനം നോര്‍ത്ത് ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എം.എ.എ. ജയില്‍ മോചിതനായി. പുറത്തിറങ്ങിയ ശേഷം തന്നെ പിന്തുണച്ച യുഡിഎഫ് നേതാക്കൾക്ക് അൻവർ നന്ദി അറിയിച്ചു.യുഡിഎഫിന് ഒപ്പം കൈകോർത്ത് സംസ്ഥാന സർക്കാരിനെതിരെ പോരാടും. പിണറായിയെ തകർക്കുക ആണ് ലക്‌ഷ്യം.
ജയിലിലെ ഭക്ഷണം കഴിച്ചില്ല. സംശയം ഉണ്ടായിരുന്നുവെന്ന് വേണമെങ്കിൽ പറയാമെന്നും അൻവർ പറഞ്ഞു.
നിലമ്പൂര്‍ കോടതി നേരത്തേ അന്‍വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ ഉത്തരവ് ഇ- മെയില്‍ വഴി തവനൂര്‍ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടർന്ന് രാത്രി 8.30 ഓടെ എം.എല്‍.എ. പുറത്തിറങ്ങിയത്
ഞായറാഴ്ച രാത്രി ഒമ്പതരയോടെ എടവണ്ണ ഓതായിയിലെ വീടുവളഞ്ഞാണ് എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലും പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്ന ഉപാധിയിലുമാണ് അന്‍വറിന് കോടതി ജാമ്യം അനുവദിച്ചത്. ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചത്.