മലപ്പുറം കുറ്റിപ്പുറത്ത് ഹണി ട്രാപ്പിലൂടെ പണം തട്ടിയ അസം സ്വദേശികള്‍ പിടിയില്‍. എടപ്പാള്‍ സ്വദേശിയായ യുവാവില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്.
ഹണി ട്രാപ്പിലൂടെ എടപ്പാള്‍ സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പത്ത് ലക്ഷത്തോളം രൂപ പ്രതികള്‍ അസമിലേക്ക് അയച്ചതായി പൊലീസ് കണ്ടെത്തി. കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ യാസ്മിന്‍ ആലമിന്റെയും ഖദീജ ഖാത്തൂന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പൊലിസ് പരിശോധിച്ചിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പണം മാതാവിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി കണ്ടെത്തിയത്.
രണ്ടംഗ സംഘത്തിന്റെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ യാസ്മിന്‍ ആലമിനെ തിരൂര്‍ സബ് ജയിലിലും ഖദീജ ഖാത്തൂനെ മഞ്ചേരി വനിതാ ജയിലിലുമാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മൊബൈല്‍ റിപ്പയറിങിനായി എടപ്പാളില്‍ എത്തിയ യാസ്മിന്‍ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് ഹണിട്രാപ്പ് ഒരുക്കിയത്.