മലപ്പുറം: മുസ്ലിം ലീഗ് നേതാക്കളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചുവെന്ന് സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം. മുക്കം ഉമർ ഫൈസി അടക്കമുള്ള ലീഗ് വിരുദ്ധ ചേരിയിലെ പണ്ഡിതർ പാണക്കാട് എത്തി ജിഫ്രി മുത്തുക്കോയ തങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു സാദിഖലി ശിഹാബ് തങ്ങൾ , പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്
മുക്കം ഉമർ ഫൈസി , ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ , സത്താർ പന്തല്ലൂർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി തുടങ്ങി സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയിലെ പണ്ഡിതരാണ് ഉച്ചയോടെ പാണക്കാട് എത്തിയത്. ജിഫ്രി മുത്തുക്കോയ തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ ,പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച ഒരു മണിക്കൂറിൽ അധികം സമയം നീണ്ടു. എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളിലൂടെ പരിഹരിച്ചുവെന്നും ആശയവിനിമയത്തിൽ സംഭവിച്ച ചില പിഴവുകളാണ് തെറ്റിദ്ധാരണകൾ ആയതെല്ലാം ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
തർക്കം തീർന്നോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന്, തീരുന്നതിന്‍റെ തുടക്കമാണിതെന്നും സാദിഖലി തങ്ങളുമായുണ്ടായിരുന്ന വ്യക്തിപരമായ തർക്കവും അകൽച്ചയും പൂർണമായി ഇന്ന് തീർന്നു -എന്നായിരുന്നു ഹമീദ് ഫൈസിയുടെ മറുപടി.
തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസവും എല്ലാം പറഞ്ഞു തീർത്തതോടെ സമസ്തയിലെ മറുവിഭാഗവും ആയിട്ടുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ ആകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവെച്ചു. ഹമീദ് ഫൈസി അമ്പലക്കടവ് നടത്തിയ കേക്ക് വിരുദ്ധ പ്രസ്താവനയ്ക്ക് ശക്തമായ മറുപടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നടത്തിയതിന് തൊട്ടു പിന്നാലെയാണ് സമസ്തയിലെ പണ്ഡിതർ പാണക്കാട് എത്തി കൂടിക്കാഴ്ച നടത്തിയത് എന്നതാണ് ശ്രദ്ധേയം.