നിലമ്പൂർ: നിലമ്പൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ പരിധിയിലെ വള്ളുവശ്ശേരി സെക്ഷനിൽ മൂത്തേടം, ഖാദർ ചുള്ളിക്കുളവൻ വീടിന് സമീപം, ചോളമുണ്ട കരപ്പുറം എന്ന സ്ഥലത്താണ് ദാരുണ സംഭവം. നാട്ടുകാർ "കസേര കൊമ്പൻ" എന്ന് വിളിക്കുന്ന കൊമ്പനാനയാണ് അപകടത്തിൽപ്പെട്ടത്.
ഖാദർ എന്നയാളുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന അബദ്ധത്തിൽ വീണത്. പടുക്ക സ്റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്ന് 20 മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. ആന ടാങ്കിൽ വീണതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമം തുടങ്ങി. എന്നാൽ ആനയെ ജീവനോടെ രക്ഷിക്കാനായില്ല. തുടർന്ന് ജെസിബി ഉപയോഗിച്ച് ടാങ്ക് പൊളിച്ച് ആനയുടെ ജഡം പുറത്തെടുത്തു.
ആനയുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് വനം വകുപ്പ് അറിയിച്ചു. ജഡം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കസേര കൊമ്പൻ്റെ ജഡം ഉൾക്കാട്ടിൽ തന്നെ സംസ്കരിക്കും. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ