ഇന്ന് രാവിലെ 9 മണിക്ക് കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തുന്നതോടെ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പെടെ 500 ലധികം പേരാണ് പ്രതിനിധികളായി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുക. ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് മുഖ്യമന്ത്രി നവകേരള വികസനരേഖ പ്രതിനിധികളുടെ ചർച്ചയ്ക്കായി അവതരിപ്പിക്കും. നാലു മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പതാക കൊടിമര ദീപശിഖ യാത്രകൾ ഇന്നലെ വൈകുന്നേരത്തോടെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു. നാലുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പ്രൊസീഡിയം ചുമതല എ കെ ബാലനാണ്. പ്രമേയ കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ തോമസ് ഐസക്കും.