മലപ്പുറം മമ്പാട് ബൈക്ക് യാത്രക്കാരന് പുലിയുടെ ആക്രമണം. നടുവക്കാട് സ്വദേശി മുഹമ്മദലിക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മമ്പാട് കോളേജിന് സമീപത്തെ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുപ്പോഴാണ് നടുവക്കാട് സ്വദേശി പൂക്കോടന്‍ മുഹമ്മദലിക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പുളിക്കലില്‍ നിന്നും മമ്പാട്ടേക്ക് പോകുമ്പോള്‍ അപ്രതീക്ഷിതമായി പുലി വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ട്പപെട്ട് ബൈക്കില്‍ നിന്നും വീണ മുഹമ്മദലിയെ പുലി ആക്രമിച്ചു. ആക്രമണത്തില്‍ മുഹമ്മദലിയുടെ കാലിലും തുടയിലും പരിക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം പുലിയുടെ ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് വനം വകുപ്പിന്റെയും ആര്‍ആര്‍ടി സംഘത്തിന്റെയും പരിശോധന ശക്തമാക്കുമെന്ന് മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസന്‍ പറഞ്ഞു. പ്രദേശത്ത് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും കെണിയൊരുക്കി പുലിയെ പിടിക്കാനുള്ള നടപടി ക്രമങ്ങള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മമ്പാട് എളംപുഴയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു.
പ്രദേശത്ത് ആക്രമണം നടത്തിയത് പുലിയാണ് എന്ന കാര്യത്തില്‍ വനംവകുപ്പിന്റെ സ്ഥിരീകരണം വന്നിട്ടില്ല. പ്രാഥമികമായി പുലി തന്നെയാണെന്ന് നിഗമനത്തിലാണ് പ്രദേശവാസികളുള്ളത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നാട്ടുകാരും വനം വകുപ്പും ചേര്‍ന്ന് പുലിക്കായുള്ള തിരച്ചില്‍ നടത്തുകയാണ്. പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.