ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലഹരിവേട്ട കൊച്ചിയില്‍ നടന്നത് 2023ല്‍. 15,000 കോടിയുടെ മെത്താഫിറ്റമിന്‍ നേവിയും- എന്‍സിബി പിടികൂടിയത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി.
സംഭവത്തില്‍ ഇറാന്‍ പൗരനെ പിടികൂടിയെങ്കിലും കേസില്‍ കേന്ദ്ര ഏജന്‍സിക്ക് സംഭവിച്ചത് വന്‍ പരാജയം. കൃത്യമായ രേഖകള്‍ അടക്കം ഹാജരാക്കാന്‍ പറ്റാതെ വന്നതോടെ കോടതി പ്രതിയെ കുറ്റവിമുക്തനാക്കി.
കൊച്ചിയിലെ ആഴക്കടലില്‍ എന്‍സിബി നടത്തിയത് വലിയ ലഹരിവേട്ട. 15,000 കോടിയുടെ മെത്താഫിറ്റമിന്‍ ഞൊടിയിടയില്‍ പിടികൂടിയ ദക്ഷിണ നാവിക സേനയ്ക്കും കൊച്ചി എന്‍സിബിക്കും ദേശീയ തലത്തില്‍പോലും വലിയ കൈയടി. എന്നാല്‍ പിന്നീട് കേസില്‍ കേന്ദ്ര ഏജന്‍സിക്ക് സംഭവിച്ചത് തിരച്ചടികളുടെ ഘോഷയാത്ര. കൃത്യമായ തെളിവുകള്‍ ഒന്നും തന്നെ കോടതിക്ക് മുന്നില്‍ എത്തിക്കാന്‍ എന്‍സിബിക്ക് സാധിക്കാതെ പോയി.
മെത്താഫിറ്റമിന്‍ എത്തിച്ച വലിയ ബോട്ടില്‍ നിന്നും അത് കൊണ്ടുവന്നവര്‍ ചെറുബോട്ടുകളില്‍ രക്ഷപെട്ടു. നേവിക്ക് പിടികൂടാനായത് ഒരാളെ മാത്രം. ഇയാളെ നേവി എന്‍സിബിക്ക് കൈമാറുകയും ചെയ്തു. കസ്റ്റഡിയില്‍ എടുത്ത ആള്‍ പാക്കിസ്ഥാന്‍ സ്വദേശി സുബൈര്‍ ആണെന്നും എന്‍സിബി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ സുബൈര്‍ ഇറാന്‍ സ്വദേശിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അടക്കം കോടതിയില്‍ ഹാജരാക്കി.
ഈ വര്‍ഷം ആദ്യം കേസില്‍ വിധി വന്നപ്പോള്‍ സുബൈറിനെ കോടതി കുറ്റവിമുക്തനാക്കി. എന്‍സിബിക്ക് ലഭിച്ചത് കനത്ത തിരിച്ചടി. എന്‍സിബി ഹാജരാക്കിയ രേഖകളൊന്നും കോടതി മുഖവിലയ്ക്ക് എടുക്കാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. ദക്ഷിണ നാവിക സേനയാണ് ലഹരി ബോട്ട് പിടികൂടുത്. ബാക്കി നടപടികള്‍ എല്ലാം നടത്തിയത് നേവിയാണ്.
മൂന്ന് ദിവസത്തിന് ശേഷമാണ് പിടികൂടിയ ആളെ പോലും തങ്ങള്‍ക്ക് വിട്ടുതന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്ന് കൊണ്ടുവന്ന ബോട്ട് പോലും കരയ്ക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
നേവിയുടെ പ്രത്യേക പരിശീലനം നടക്കുന്ന വേളയിലാണ് ഈ ബോട്ട് കടന്ന് വന്നതെന്നും വിവരമുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും വ്യക്തമല്ല. മാത്രമല്ല ക്രിപ്‌റ്റോ കറന്‍സിയാണ് ലഹരി കൈമാറ്റത്തിന് ഉപയോഗിക്കുന്നത്. ആര്‍ക്ക് എവിടെ കൊടുക്കുന്നുവെന്ന് കണ്ടെത്താന്‍ സാധിക്കാറില്ലെന്നും ഈ കറന്‍സിയുമായി ബന്ധപ്പെട്ടുള്ള ഓഫീസുകള്‍ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണെന്നും എന്‍സിബി വ്യക്തമാക്കി.