കണ്ണൂർ: സിപിഐഎം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം സുകുമാരൻ നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചു.തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് സമൻസ് അയച്ചത്. ജൂലൈ 11ന് കോടതിയിൽ ഹാജരാകാനാണ് സമൻസ്.
സിപിഐഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം സുകുമാരനെപ്പറ്റി അവാസ്തവവും അപഖ്യാതി ഉളവാക്കുന്നതുമായ തരത്തിൽ “സിപിഐഎം കൂത്തുപറമ്പ് വെസ്റ്റ് ലോക്കൽ സെക്രട്ടറിയെ മാറ്റി’ എന്ന തലക്കെട്ടോടെ വാർത്ത നൽകിയെന്നതാണ് മാനനഷ്ടക്കേസിന് ആധാരം.സുകുമാരനെ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയതായും അറിയുന്നുവെന്ന് വാർത്തയിൽ പറയുന്നുണ്ടായിരുന്നു.
തലശേരിയിലെ അഭിഭാഷകൻ ഒ ജി പ്രേമരാജൻ മുഖേനയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. പരാതിക്കാരന്റെ ഭാഗം പരിഗണിച്ച കോടതി പ്രഥമദൃഷ്ട്യാ കേസുള്ളതായി കണ്ടെത്തി.