മലപ്പുറം അറന്നാടംപാടത്ത് കാട്ടാനകളുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കുന്നു. വനാതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന പ്രദേശത്തെ കാട്ടാന ശല്യം ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്.
കാട്ടാനശല്യം മൂലം പകല്‍പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് മലപ്പുറം അറന്നാടംപാടത്തെ ജനങ്ങള്‍ക്ക്. വഴിക്കടവ് റേഞ്ചിന്റെ പരിധിയിലെ കരിയംമുരിയം വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള അറന്നാടംപാടം തീക്കടിയിലാണ് മൂന്ന് കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് പന്ത്രണ്ടോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു കൊമ്പന്‍, ഒരു ചുള്ളിക്കൊമ്പന്‍, ഒരു മോഴ എന്നിങ്ങിനെ മൂന്ന് ആനകളാണ് ഇവിടെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്. മൂന്ന് ആഴ്ചയിലധികമായി ഇവ അറന്നാടംപാടം ജനവാസ കേന്ദ്രത്തിന് സമീപത്ത് താവളമുറപ്പിച്ചിരിക്കുകയാണ്. ജലലഭ്യതയുള്ള ചതുപ്പാണിവിടം. ഇക്കാരണത്താല്‍ ആനകള്‍ ഇവിടെ നിന്നും മാറുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലിയുണ്ടെങ്കിലും ചില ദിവസങ്ങളില്‍ വേലി ചാര്‍ജ് ചെയ്യാന്‍ വനം ജീവനക്കാര്‍ മറന്നുപോകും. ഇങ്ങിനെയുള്ള ദിവസങ്ങളില്‍ വേലി തകര്‍ത്ത് ആനകള്‍ കൃഷിയിങ്ങളില്‍ ഇറങ്ങി വിളനാശം വരുത്തുന്നതും പതിവാണ്. വീടുകളുടെ ഇരുപത് മീറ്റര്‍ അടുത്തുവരെ പകല്‍ സമയങ്ങളില്‍ ആനകളെത്താറുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വനം ജീവനക്കാര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. ചെമ്പന്‍കൊല്ലി ഭാഗത്ത് വനത്തില്‍ മരം മുറി നടക്കുന്നതിനാലും ജല ലഭ്യതയുള്ളതിനാലും ആനകള്‍ ഇവിടെ നിന്നും മാറാന്‍ കൂട്ടാക്കുന്നില്ല. ആനകള്‍ എത്തിയാല്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയാണ് ഓരോ കുടുംബങ്ങളിലെയും പുരുഷന്മാര്‍ പകല്‍ സമയം ജോലിക്ക് പോകുന്നത്. എന്നാല്‍ രാത്രിയില്‍ ആനയെത്തിയാല്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണിവര്‍.
എടക്കര പഞ്ചായത്ത് സ്ഥാപിച്ച ശക്തികുറഞ്ഞ ഒരു ലൈറ്റ് മാത്രമാണ് ഇവിടെ രാത്രിയില്‍ വെളിച്ചം പകരുന്നത്. വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ശക്തിയേറിയ ഒരു ലൈറ്റ് ഈ ഭാഗത്ത് സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍. രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള കാട്ടാനകളുടെ സാന്നിധ്യം അറന്നാടംപാടം നിവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്