നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ബിഷപ്പായി ഡി. സെല്‍വരാജ് ചൊവ്വാഴ്ച്ച അഭിഷിക്തനാവും. ബിഷപ്പ് വിന്‍സന്റ് സാമുവേല്‍ മുഖ്യ കാര്‍മികനാവുന്ന ചടങ്ങില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനാപതി ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡ് ജിറേലി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.
നെയ്യാറ്റിന്‍കര രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ചുമതല ഏല്‍ക്കുന്ന ഡി സെല്‍വരാജിന്റെ മെത്രാഭിഷേക ചടങ്ങ് വന്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് വിശ്വാസ സമൂഹം. 38 വര്‍ഷത്തിലേറെ രൂപതയുടെ കീഴിലെ വിവിധ ദേവാലയങ്ങളില്‍ സേവനമനുഷ്ടിച്ച പരിചയവുമായാണ് സെല്‍വരാജ് നേതൃത്വസ്ഥാനത്തേക്ക് എത്തുന്നത്.
നെയ്യാറ്റിന്‍കര രൂപത രൂപം കൊണ്ട ശേഷം ആദ്യമായാണ് നെയ്യാറ്റിന്‍കരയില്‍ മെത്രാഭിഷേക ചടങ്ങ്. നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഏഴായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് പറഞ്ഞു.മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് ചൊവ്വാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.