കൊച്ചി: മദ്യലഹരിയില്‍ മരണപ്പാച്ചില്‍ നടത്തിയ യുവാവിന്റെ കാറിടിച്ച് ഗോവന്‍ യുവതിക്ക് ഗുരുതര പരിക്ക്. തലയ്ക്കും കാലിനും പരിക്കേറ്റ ഗോവന്‍ സ്വദേശിനിയായ ജെയ്‌സല്‍ ഗോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെയ്‌സലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന ചാലക്കുടി സ്വദേശിയായ യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്.തിരക്കേറിയ എസ്.എ റോഡിലാണ് പട്ടാപ്പകല്‍ മദ്യലഹരിയില്‍ യുവാവ് കാര്‍ ചേസിങ് നടത്തിയത്.
അമിതവേഗതയിലെത്തിയ കാര്‍ ജെയ്‌സലിനെ ഇടിച്ചിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പള്ളിമുക്ക് ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ഒരു ബൈക്ക് യാത്രികനുമായി സൈഡ് നല്‍കിയില്ലെന്നതിന്റെ പേരില്‍ നടന്ന തര്‍ക്കം അപകടകരമായ ചേസിങ്ങിലേക്ക് എത്തുകയായിരുന്നു.പള്ളിമുക്ക് മുതല്‍ കടവന്ത്ര മെട്രോ സ്റ്റേഷന്‍ വരെയുള്ള ഒന്നര കിലോമീറ്റര്‍ വരുന്ന റോഡിലൂടെ ബൈക്കിനെ അതിവേഗത്തിലാണ് യാസിര്‍ കാറില്‍ പിന്തുടര്‍ന്നത്. എസ്.എ റോഡില്‍ വച്ച് ബൈക്കിനെ ഇടിക്കാന്‍ യാസിര്‍ ശ്രമിക്കുകയും നിയന്ത്രണം വിട്ട കാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
ഭര്‍ത്താവ് എസ്‌തേവാമുമൊത്ത് നടന്നു വന്നിരുന്ന ജെയ്‌സല്‍ വണ്ടിക്കും കൈവരിക്കുമിടയില്‍ പെട്ടുപോവുകയായിരുന്നു. കൊച്ചിയില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ദമ്പതികള്‍. ഇരുവരും ഇന്നലെ തിരിച്ചു പോകേണ്ടതുമായിരുന്നു.