വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന സമരം ശക്തമാക്കുന്നു. ഏപ്രിൽ 12ന് സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൗരസാഗരം സംഘടിപ്പിക്കും. ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമെന്ന് നടക്കുന്നതെന്ന് ആശാ പ്രവർത്തകർ പറഞ്ഞു.
ദിവസങ്ങൾ കൂടുന്തോറും സമരത്തിന് വീര്യം കൂടുകയാണ്. ആശാപ്രവർത്തകരുടെ അതിജീവന സമരത്തെ പിന്തുണയ്ക്കാൻ പൗരസാഗരം സംഘടിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സാമൂഹിക സാംസ്കാരിക പ്രവർത്തകർ. ഇതിന്റെ ഭാഗമായി 12ന് സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന പൗരസാഗരത്തിൽ സാമൂഹിക സാംസ്കാരിക വ്യക്തിത്വങ്ങളും സംഘടനകളും, പൊതുജനങ്ങളും, അണിനിരക്കും. നടക്കുന്നത് ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടം ആണെന്നും ധർമ്മത്തിന്റെ ഭാഗത്താണ് പൊതുജനങ്ങളെന്നും ആശാ പ്രവർത്തകർ പറഞ്ഞു.
എം എ ബേബിയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചു. തൊഴിലാളി സംഘടനകളുടെ പ്രശ്നം പരിഹരിച്ച് കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ അത് ഉണ്ടായില്ലെന്നും ആശാ പ്രവർത്തകർ കൂട്ടിച്ചേർത്തു.
മൂന്നുതവണ ആരോഗ്യമന്ത്രിക്കൊപ്പവും ഒരുതവണ തൊഴിൽ മന്ത്രിക്കൊപ്പവും ചർച്ച നടത്തി. ചർച്ച പരാജയപ്പെട്ടു എന്ന് മാത്രമല്ല ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യവും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്ന കാര്യവും വേണ്ട രീതിയിൽ പരിഗണിച്ചില്ല. പ്രശ്നം പരിഹരിക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകാൻ ആണ് ആശാ പ്രവർത്തകരുടെ തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിൽ ആശാപ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 59 ദിവസമാണ്. നിരാഹാര സമരം ഇരുപത്തിയൊന്നാം ദിവസവും.