കാസർകോട് ഫാഷൻ ഗോൾഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവരെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട് പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടുദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു. കള്ളപ്പണ നിരോധന നിയമപ്രകാരം കാസർകോട് നിന്നാണ് രണ്ടുപേരെയും ഇ.ഡി അറസ്റ്റ് ചെയ്തത്.
ഫാഷൻ ഗോൾഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രണ്ടുപേർക്കുമെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലായി 168 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഇരുവരെയും നേരത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. ഫാഷൻ ഗോൾഡിൻ്റെ പേരിൽ ഓഹരിയായും പണമായും നിക്ഷേപം സ്വീകരിച്ച് 20 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.