കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടിയിൽ 47 ദിവസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. മാതാവിനൊപ്പം കിടന്നിരുന്ന കുഞ്ഞിനെയാണ് തിങ്കളാഴ്ച രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കക്കട്ടിൽ റിയാസിന്‍റെയും ജസ്ലയുടെയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്. പൊയിൽ മുക്കിലെ മാതാവിനെ വീട്ടിൽ വച്ചായിരുന്നു മരണം.
രാവിലെ 9.30ഓടെ റിയാസിന്റെ മൂത്ത മകള്‍ കുഞ്ഞിന് സമീപത്ത് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന് സമീപത്തായി ഉമ്മ ഉറങ്ങുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിശദമാക്കിയത്. സംഭവത്തിൽ റിയാസിന്റെ പരാതിയില്‍ കുറ്റ്യാടി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും ഇന്നലെ രാത്രി നിര്‍ത്താതെ കരഞ്ഞ കുഞ്ഞ് പുലര്‍ച്ചെ രണ്ട് മണി വരെ പാല്‍ കുടിച്ചിരുന്നതായുമാണ് ബന്ധുക്കൾ വിശദമാക്കുന്നത്. രാത്രി ഉറക്കം ലഭിക്കാഞ്ഞതിനാല്‍ അമ്മ രാവിലെ ഉറങ്ങിപ്പോയതാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.