മുനമ്പം ഭൂമി കേസിൽ വാദം മാറ്റിവെച്ച് കോഴിക്കോട് വഖ്ഫ് ട്രിബ്യൂണൽ അന്തിമ വിധി തീർപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ട്രിബ്യൂണലിന്റെ തീരുമാനം. വഖഫ് ബോർഡ് നൽകിയ ഹർജി അടുത്തമാസം 26നാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. എന്നാൽ വഖഫ് ബോർഡിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ തുടർനടപടിക്ക് ഏർപ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനമ്പം സമരസമിതി വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന സംസ്ഥാന വഖഫ് ബോർഡിന്റെ ഉത്തരവിനെതിരെ ഫാറൂഖ് കോളേജ് മാനേജ്മെന്റ് നൽകിയ ഹർജിയിലായിരുന്നു കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ വാദം നടന്നുവന്നിരുന്നത്. അതിനിടെ ഇത് സംബന്ധിച്ച് ഫാറൂഖ് കോളേജ് 1975ൽ പറവൂർ സബ് കോടതിയിൽ നൽകിയ കേസിന്റെ രേഖകൾ ഹാജരാക്കണമെന്ന് എതിർകക്ഷിയായ സംസ്ഥാന വഖഫ് ബോർഡിന്റെ അഭിഭാഷകൻ ആവശ്യം ഉന്നയിച്ചെങ്കിലും ട്രിബ്യൂണൽ അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ച് ട്രിബ്യൂണൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനെതിരെ സ്റ്റേ സമ്പാദിച്ചു.
അതിനുശേഷം ഇന്നാണ് കേസ് വീണ്ടും പരിഗണിച്ചത്. സ്റ്റേ നിലനിൽക്കുന്നതിനാൽ ഇനി വഖഫ് ബോർഡിന്റെ ഹർജി പരിഗണിച്ച ശേഷം വാദം തുടരാമെന്ന് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ജഡ്ജ് രാജൻ തട്ടിൽ കക്ഷികളെ അറിയിക്കുകയായിരുന്നു. അടുത്തമാസം 26നാണ് ഹർജി ഹൈക്കോടതി പരിഗണിക്കുന്നത്. അതുകഴിഞ്ഞ് 27 ന് വാദം തുടരാനാണ് വഖഫ് ട്രിബ്യൂണൽ തീരുമാനിച്ചിരിക്കുന്നത്. അന്തിമ വിധിക്കുള്ള സ്റ്റേ നീക്കം ചെയ്യണമെന്നും കേസ് നടപടികൾ വേഗത്തിൽ തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി വ്യക്തമാക്കി.
കേസിൽ മെയ് 27ന് വഖഫ് ട്രിബ്യൂണലിൽ നടപടികൾ പുനരാരംഭിക്കുമ്പോൾ പുതിയ ജഡ്ജാവും വാദം കേൾക്കുക. നിലവിലെ ജഡ്ജ് രാജൻ തട്ടിൽ മെയ് 19ന് സ്ഥലം മാറും.ഹൈക്കോടതി സ്റ്റേയുടെയും വഖഫ് ട്രിബ്യൂണലിന്‍റെയും പശ്ചാത്തലത്തിൽ മുനമ്പം സമരസമിതി അടുത്ത ദിവസം യോഗം ചേരും. ഈ യോഗത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.