Share this Article
Union Budget
ഐബി ഉദ്യോ​ഗസ്ഥയുടെ മരണം: സുകാന്തിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
വെബ് ടീം
2 hours 0 Minutes Ago
1 min read
sukanth

തിരുവനന്തപുരത്ത് ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ സുകാന്ത് സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കൊച്ചി വിമാനത്താവളത്തിലെ എമി​ഗ്രേഷൻ വിഭാ​ഗം ഉദ്യോ​ഗസ്ഥനായിരുന്നു സുകാന്ത്. ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ സുഹൃത്ത് സുകാന്തിന് പങ്കുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിവരം.

പ്രൊബേഷൻ പിരീഡിലായിരുന്ന സുകാന്തിനെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. യുവതിയുടെ ആത്മഹത്യയ്ക്ക് ശേഷം ഇയാൾ ഒളിവിലാണ്. അതേസമയം, സുകാന്തിന്റെ മുൻകൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും.തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ മാർച്ച്‌ 24നാണ്‌ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്‌ക്കും ചാക്കയ്‌ക്കും ഇടയിലെ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്‌സ്‌പ്രസ്‌ ട്രെയിൻ തട്ടിയായിരുന്നു മരണം.

ഒരു വർഷം മുമ്പാണ് ഇവർ എമിഗ്രേഷൻ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന്‌ വിമാനത്താവളത്തിൽനിന്നു മടങ്ങിയതായിരുന്നു.യുവതിയുടെ ആത്മഹത്യയ്ക്കു പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഉദ്യോ​ഗസ്ഥയുടെ കുടുംബം രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈം​ഗികമായും ചൂഷണം ചെയ്തുവെന്ന് ആരോപിച്ച കുടുംബം ഇതിനുള്ള തെളിവുകളും പൊലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകൾ വ്യാജമായി നിർമിച്ച് സുകാന്ത് യുവതിയെ ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ച രേഖകൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയത്.​ഗർഭഛിദ്രം നടത്തിയതിനു ശേഷമാണ് സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം.

പെൺകുട്ടിയുടെ അമ്മയോടാണ് വിവാഹത്തിന് താൽപര്യമില്ലെന്നു പറഞ്ഞ് സന്ദേശമയച്ചത്. ഇതിന് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് പലതവണയായി പണം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories