കൊല്ലം കടയ്ക്കലില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. കാറ്റാടിമുക്ക് സ്വദേശി ദിലീഷിനാണ് ആണ് മര്‍ദ്ദനമേറ്റത്. ഷാഡോ പോലീസ് എന്ന് പറഞ്ഞ് എത്തിയ രണ്ടു പേരാണ് യുവാവിനെ മര്‍ദ്ദിച്ചത്.
കഴിഞ്ഞദിവസം രാത്രി ഏഴര മണിക്കായിരുന്നു സംഭവം. കടക്കല്‍ ബാറിന് മുന്നിലൂടെ തന്റെ വാഹനത്തിന്റെ അടുത്തേക്ക് നടന്നു പോവുകയായിരുന്ന ദിലീഷിന്റെ മുന്നിലെത്തിയ രണ്ടുപേര്‍ ദിലീഷ് അല്ലേ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി നല്‍കിയതോടെ ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് രണ്ടുപേര്‍ ഷാഡോ പോലീസ് ആണെന്ന് പറയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ആയിരുന്നു. നിലത്തുവീണ ദിലീഷിനെ വലിച്ചിഴയ്ക്കുകയും ചെയ്തു. ആളുകള്‍ കൂടിയതോടെ സംഭവസ്ഥലത്തു നിന്നും ഇവര്‍ കടന്നു കളയുകയായിരുന്നു.
പരിക്കേറ്റ ദിലീഷിനെ ആദ്യം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം സ്റ്റേഷനിലെ ആരും സിവില്‍ ഡ്രസ്സില്‍ പുറത്തില്ലെന്ന് കടക്കല്‍ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് കടക്കല്‍ പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.