കൊച്ചി: മുനമ്പത്ത് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തായ പള്ളിപ്പുറം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സ്മിനേഷിന്റെ സുഹൃത്താണ് പോലീസ് കസ്റ്റഡിയിലായിരിക്കുന്നതെന്നാണ് വിവരം. പള്ളിപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൊല നടത്തിയത് കവർച്ചയ്ക്ക് വേണ്ടിയാണെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
ചെറായി മാവുങ്കൽ സ്മിനേഷിനെ കഴിഞ്ഞ ദിവസമാണ് വീട്ടിലെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ട് ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് സുഹൃത്ത് വന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. തലയ്ക്ക് പിറകിൽ അടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.കൊല്ലപ്പെട്ട സ്മിനേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മാലയും ഒരു മോതിരവും മൊബൈൽ ഫോണും കാണാതായിട്ടുണ്ടായിരുന്നു. മോഷണശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക വിവരം.