കോഴിക്കോട് ബീച്ചിനെ കൂടുതൽ മനോഹരമാക്കാൻ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതി ആവിഷ്കരിച്ച് കോഴിക്കോട് കോർപ്പറേഷൻ. നാലു കോടി 6 ലക്ഷത്തോളം രൂപ ചിലവ് വരുന്ന പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.
ഉന്തുവണ്ടികളെ പ്രത്യേകം ക്രമത്തിൽ ആക്കുക, ഇവയിൽ നിന്നുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുക, ശുചിത്വമുള്ള ഭക്ഷണം ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് മേയർ ഡോക്ടർ ബീന ഫിലിപ്പ് വ്യക്തമാക്കി.
ബീച്ചിലെ വെൻഡിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവർത്തി ഉദ്ഘാടനവും ഫെബ്രുവരി 26ന് വൈകുന്നേരം ആറുമണിക്ക് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. മേയർ ബീന ഫിലിപ്പ് അധ്യക്ഷൻ വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി.
ആരോഗ്യ കുടുംബക്ഷേമ ശിശു വികസന മന്ത്രി വീണ ജോർജ്, പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും. കോഴിക്കോട് ബീച്ചിൽ ഉന്തുവണ്ടികളിൽ കച്ചവടം ചെയ്യുന്ന 90 ഓളം കച്ചവടക്കാരാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നും മേയർ ഡോക്ടർ ബീന ഫിലിപ് പറഞ്ഞു.