തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി. വെള്ളറട സ്വദേശിനി ആന്‍സി ആണ് മരിച്ചത്. വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേയും, പാറശ്ശാലയിലേയും 108 ആംബുലന്‍സുകള്‍ കുരിശുമല തീര്‍ത്ഥാടനത്തിലെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി മാറ്റിയിട്ടിരിക്കുകയാണന്നായിരുന്നു അധികൃതര്‍ പറഞ്ഞത്.
പനിയെ തുടര്‍ന്നാണ് ആന്‍സിയെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്ലേറ്റ് ലെറ്റ് താഴ്ന്ന് ഗുരുതരാവസ്ഥയില്‍ ആയതോടെ രോഗിയെ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനായി ഓക്സിജന്‍ സൗകര്യമുള്ള 108 പോലുള്ള ആംബുലന്‍സ് തന്നെ വേണം. സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ജനപ്രതിനിധികളും 108 ആംബുലന്‍സിന്റെ സേവനം ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കിലും സ്പെഷ്യല്‍ ഡ്യൂട്ടിയുടെ കാരണത്താല്‍ ആംബുലന്‍സ് വിട്ടുനില്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു വിശദീകരണം.
സാധാരണ ആംബുലന്‍സ് വിളിച്ച് വരുത്തി രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും അമരവിളിയില്‍ വച്ച് സ്ഥിതി കൂടുതല്‍ വഷളായി. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രോഗി ഗുരുതരാവസ്ഥയില്‍ കഴിയുമ്പോള്‍ സ്പെഷ്യല്‍ ഡ്യൂട്ടിയുടെ പേരില്‍ ആംബുലന്‍സ് വെറുതെ കിടക്കുകയായിരുന്നുവെന്നും, എന്തിന്റെ പേരിലായാലും ഇത്തരത്തില്‍ ഇനിയൊരു ജീവന്‍ നഷ്ടപ്പെടരുതെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ഷാജഹാന്‍ വ്യക്തമാക്കി.
അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ച പരിശോധിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. വിഷയത്തില്‍ ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനാണ് ജനപ്രതിനിധികളുടെ തീരുമാനം.