വ്യാജ ട്രേഡിംഗ് ആപ്പുകളിലൂടെ ഡോക്ടറുടെയും യുവതിയുടെയും രണ്ടുകോടിയോളം രൂപ തട്ടിയെടുത്തു. തിരുവമ്പാടി സ്വദേശിയായ ഡോക്ടറുടെ 1.25 കോടി രൂപയും കൊയിലാണ്ടി സ്വദേശിനിയായ യുവതിയുടെ 23 ലക്ഷം രൂപയും ആണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. സംഭവത്തിൽ കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടങ്ങി.
ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ ലാഭം നൽകിയ വ്യാജ ട്രേഡിങ് ആപ്പുകാർ കൂടുതൽ പണം നിക്ഷേപിച്ചാൽ മുഴുവൻ തുകയും തിരിച്ചു നൽകാമെന്ന് പറഞ്ഞാണ് ഡോക്ടറിൽ നിന്ന് ഒന്നേകാൽ കോടിയും വീട്ടമ്മയിൽ നിന്ന് 23 ലക്ഷവും തട്ടിയെടുത്തത്. തമിഴ്നാട്, മഹാരാഷ്ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൂടുതൽ ഇടപാടുകൾ നടന്നിട്ടുള്ളത് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നുണ്ട്. ടെലി ഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ കോടികൾ തട്ടിയെടുത്തത്. വ്യാജ കമ്പനികളുടെ പേരിൽ അവയുടെ പ്രതിനിധികൾ ആണെന്ന് ആദ്യം പരിചയപ്പെടുത്തും. പിന്നീട് സ്റ്റോക്ക് ട്രേഡിംഗ് നിക്ഷേപത്തെക്കുറിച്ച് ക്ലാസ് നൽകും. തുടർന്ന് ചെറിയ തുകകൾ നിക്ഷേപിപ്പിച്ച് ചെറിയ ലാഭം നൽകി വിശ്വാസം പിടിച്ചുപറ്റും. അത് കഴിഞ്ഞാണ് പരാതിക്കാരിൽ നിന്നും വലിയ തുകകൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ തുടങ്ങുക.
എന്നാൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിന് സാധിക്കാത്ത സ്ഥിതി വരുമ്പോഴാണ് തട്ടിപ്പിനിരയായി എന്ന് ഇരകൾ മനസ്സിലാക്കുന്നത്. പൊലീസ് ഇതിനെതിരെ നിരന്തരം ബോധവൽക്കരിച്ചിട്ടും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് കൂടുതലും ഇരയാവുന്നത് എന്നത് വിചിത്രമായ കാര്യമാണ്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിന്റെ ഹൈൽപ്പ് ലൈൻ നമ്പറായ 1930ൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.