കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. പത്തനംതിട്ട കോന്നിയിലെ ആനക്കൂട്ടിലാണ് അപകടം.
അമ്മയോടൊപ്പം ആനക്കൂട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അഭിരാം. തൂണില്‍ ചുറ്റിപിടിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇളകിനില്‍ക്കുന്ന തൂണ്‍ കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നാലടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണാണ് ഇളകി വീണത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അടുത്തുള്ള കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൂണുകള്‍ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കാന്‍ യാതൊരു സംവിധാനവും അവിടെ ഇല്ലായിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് ആനത്താവളം താല്‍ക്കാലികമായി അടച്ചു. സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ വീഴ്ച വരുത്തിയതായി ആണ് മനസ്സിലാക്കാന്‍ സാധിച്ചതെന്നും സംഭവത്തിന് ഉത്തരവാദി ആയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സെര്‍വേറ്ററില്‍ നിന്നും മന്ത്രി അടിയന്തര റിപ്പോര്‍ട്ട്തേടിയിട്ടുണ്ട്.