കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കമ്പനി ഡയറക്ടർ ബോർഡ് അംഗമായ തൃശ്ശൂർ സ്വദേശി ആന്റണി സണ്ണിയേ ആണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ആൻ്റണിയെ കോടതി റിമാൻഡ് ചെയ്തു.
ഒളിവിൽ പോയ ആന്റണി സണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ കമ്പനി ഡയറക്ടർമാരായ മലപ്പുറം ചങ്ങരംകുളം സ്വദേശി ഷൗക്കത്ത് അലി, തൃശൂർ വരവൂർ സ്വദേശി കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നിക്ഷേപമായി സ്വീകരിച്ച തുകയിൽ നിന്നും 17 കോടി രൂപ ആന്റണി തട്ടിയെടുത്തതായി ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കണ്ണൂർ കേന്ദ്രമായുള്ള അർബൻ നിധി, അനുബന്ധ സ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങൾക്കെതിരെ 552 പരാതികളാണ് നിലവിൽ പോലീസിന് ലഭിച്ചിട്ടുള്ളത് . 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.
കണ്ണൂർ ടൗൺ പൊലീസ് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. 12% പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ വലയിൽ വീഴ്ത്തിയത്. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. പിന്നാലെ നൂറു കണക്കിന് പേർ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് തട്ടിപ്പിന്റെ ആഴം പുറത്തറിഞ്ഞത്. അതേസമയം കേസിൽ പ്രതി ചേർക്കപ്പെട്ട 5 ഡയറക്ടർമാരെ ഇനിയും പിടികൂടാനുണ്ട്, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നാണ് സൂചന.