വാസയോഗ്യമല്ലാത്ത വീടുകളില്‍ ഗോത്രകുടുംബങ്ങള്‍ കഴിയുന്നത് ഭീതിയോടെ. വയനാട് നൂല്‍പ്പുഴ കോളൂര്‍ പണിയ ഉന്നതിയിലെ അഞ്ച് കുടുംബങ്ങളാണ് ചോര്‍ന്നൊലിക്കുന്നതും ഭീത്തികള്‍ വിണ്ടുകീറി തകര്‍ന്നതുമായ വീടുകളില്‍ ഭീതിയോടെ താമസിക്കുന്നത്.
കോളൂര്‍ പണിയ ഉന്നതിയിലെ അനന്തന്‍, ജാനു, കൊളുമ്പി, കൃഷ്ണന്‍ എന്നിവരുടെ വീടുകളാണ് കാലപ്പഴക്കത്താല്‍ വാസയോഗ്യമല്ലാതിയിരിക്കുന്നത്. 2007-2009 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ വീടുകളില്‍ ഇപ്പോള്‍ കുടംബങ്ങള്‍ ഭീതിയോടെയാണ് കുട്ടികളുമായി കഴിയുന്നത്. പുതിയ വീടുകള്‍ക്ക് അപേക്ഷനല്‍കിയിട്ടും നടപടികളില്ലെന്നുമില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
മഴപെയ്താല്‍ മേല്‍ക്കൂര ചോര്‍ന്നൊലിക്കും. ഇതിനുപരിഹാരമായി ഇവര്‍ ഷീറ്റുകള്‍ മേല്‍ക്കൂരയില്‍ ഇട്ടിരിക്കുകയാണ്. പലവീടുകളുടെയും ഷീറ്റും നശിച്ചു കഴിഞ്ഞു. മേല്‍ക്കൂര തകര്‍ന്നും ഭിത്തികള്‍ വിള്ളല്‍വീണ അവസ്ഥയിലുമാണ്. ഭീത്തികള്‍ക്ക് വലിയ വിള്ളല്‍വീണ് താമസിക്കാന്‍ കഴിയാത്ത വീടുകളും ഈ ഉന്നതിയിലുണ്ട്.
ഈ അഞ്ചു വീടുകളിലായി കുട്ടികളടക്കം പതിനെട്ടോളം ആളുകളാണ് താമസിക്കുന്നത്. സുരക്ഷിതമായി താമസിക്കാന്‍ മറ്റിടങ്ങളില്ലാത്തതിനാല്‍ ഇവര്‍ ഇവിടെ തന്നെയാണ് ഭീതിയോടെ കഴിഞ്ഞുകൂടുന്നത്. പുതിയ വീടുകള്‍ക്കായി അപേക്ഷ നല്‍കിയെങ്കിലും ഒന്നുമായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ ആരോപണം.