കോഴിക്കോട് ഫറോക്കിൽ 15 കാരിയെ സമപ്രായക്കാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ തുടർനടപടി ഇന്ന്. കുറ്റാരോപിതരായ മൂന്നു കുട്ടികളെ ശിശുക്ഷേമ സമിതി മുൻപാകെ ഹാജരാക്കും. ഇവരുടെ സാമൂഹ്യ പശ്ചാത്തല റിപ്പോർട്ട് പൊലീസ് സമർപ്പിച്ചിട്ടുണ്ട്. കുറ്റാരോപിതരായ കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇവരെ മൂന്നുപേരെയും ചോദ്യം ചെയ്യാൻ ഇതുവരെ പൊലീസിന് സാധിച്ചിരുന്നില്ല. ഒന്നരയാഴ്ച മുൻപാണ് സംഭവം നടക്കുന്നത്.
സുഹൃത്തുക്കളും സമപ്രായക്കാരുമായ രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനം 11കാരനായ മറ്റൊരു കുട്ടി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ നിലവിളികേട്ട് പരിസരവാസികളാണ് വിവരം രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കി. നല്ലളം പൊലീസ് മൂന്നുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഫറോക്ക് എ.സി.പി എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.