പിസ്തയുടെ പുറംതോടില്‍ ചിത്രങ്ങള്‍ വരച്ച് ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച് മലപ്പുറം എടപ്പാള്‍ സ്വദേശി ഫസ്ന. ഇന്ത്യയിലെ അറിയപ്പെടുന്ന 50ല്‍പ്പരം ചിത്രശലഭങ്ങളെ പിസ്തത്തോടില്‍ വരച്ചാണ് ഫസ്‌ന റെക്കോർഡ് കരസ്ഥമാക്കിയത്. അധ്യാപികയായ ഫസ്ന ചെറുപ്പം മുതല്‍ തന്നെ ചിത്രകലയും കൂടെ കൊണ്ട് നടന്നാണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.
കുഞ്ഞു നാള്‍ മുതലേ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി ചിത്രങ്ങള്‍ ഫസ്‌ന വരച്ചു തീര്‍ക്കും. പിസ്തത്തോടുകളില്‍ മിനുട്ടുകള്‍ കൊണ്ട് ഇന്ത്യയിലെ 50 പ്രധാനപ്പെട്ട ചിത്രശലഭങ്ങളെ വരച്ചു തീര്‍ത്താണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചിട്ടുള്ളത്. ഏകദേശം ഒരുമാസം തുടര്‍ച്ചയായി പരിശീലിച്ചാണ് കുറഞ്ഞ സമയം കൊണ്ട് ഈ നേട്ടം കൈവരിച്ചത്.
ചാലിശ്ശേരി ബോര്‍ഡ് സ്‌കൂളിലെ അധ്യാപികയും പട്ടാമ്പി ശില്‍പ ചിത്ര ഫൈനാര്‍ട്സ് കോളേജിലെ ഫൈന്‍ ആര്‍ട്സ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ് ഫസ്ന. നേട്ടം കൈവരിച്ചതിനു പിന്നാലെ ഫസ്നയെ ആദരിക്കാനായി നിരവധിപേരെത്തി. എടപ്പാള്‍ സൗഹൃദ കൂട്ടായ്മ, അജ്മാന്‍ കെഎംസിസി തവനൂര്‍ മണ്ഡലം , എടപ്പാള്‍ വനിതാലീഗ് എന്നിവര്‍ വീട്ടിലെത്തി ഫസ്നയെ അഭിനന്ദിച്ചു. റെക്കോര്‍ഡിന് പുറമെ കേരളോത്സവത്തില്‍ എടപ്പാള്‍ പഞ്ചായത്തില്‍ നിന്നും പൊന്നാനി ബ്ലോക്ക് തലത്തിലും ചിത്ര രചനാ മത്സരത്തില്‍ 3 തവണ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഫസ്ന.