മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാൾക്ക് ഗുരുതര പരുക്ക്. മേലാറ്റൂർ സ്വദേശി കരിമ്പനകുന്നത്ത് വേലായുധൻ(62) ആണ് പരുക്കേറ്റത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം സംഭവിച്ചത്.
ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കതിന അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ വേലായുധന്റെ നില ഗുരുതരമായി തുടരുന്നു.