അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു കാക്ക കൊത്തി....നെയ്യപ്പം മാത്രമല്ല, അവസരം കിട്ടിയാല്‍ സ്വര്‍ണ വളയും കൊത്തി പറക്കും'.അങ്ങനെ ഒരു സംഭവം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നു.കാപ്പാട് സ്വദേശി നസീറിന്റെയും ഷരീഫയുടെയും ആറുവയസുകാരിയായ മകള്‍ ഫാത്തിമയുടെ ഒരു പവന്‍ വീതം തൂക്കം വരുന്ന വളയും മാലയും കാണാതായി. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് നോക്കിയപ്പോഴാണ് സ്വർണം നഷ്‌ടപ്പെട്ടതായി മനസിലായത്.
വീടു മുഴുവന്‍ തിരഞ്ഞെങ്കിലും ആഭരണങ്ങള്‍ കണ്ടുകിട്ടിയില്ല. ഒടുവില്‍ വളയും മാലയും ഒരു കടലാസില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നിന് സമീപമാണ് വെച്ചിരുന്നതെന്ന് മകള്‍ പറഞ്ഞ പ്രകാരം വീടിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് തിരഞ്ഞപ്പോള്‍ മാല കിട്ടി. എന്നാല്‍ വള നഷ്ടപ്പെട്ടു.
അങ്ങനെ സ്വര്‍ണ വള നഷ്ടമായെന്ന് ഉറപ്പിച്ച് അന്വേഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരിക്കല്‍ പ്ലാസ്റ്റിക് വളയും കൊത്തി ഒരു കാക്ക പറന്നു പോകുന്നത് കണ്ടിരുന്നതായി അയല്‍വാസി നസീറിനോട് സൂചിപ്പിച്ചത്. തന്റെ മകളുടെ സ്വര്‍ണ വളയും ഇത്തരത്തില്‍ കാക്ക കടത്തിക്കൊണ്ടു പോയിട്ടുണ്ടാവുമോ എന്ന ഒരു സംശയം നസീറിനും തോന്നി.
അവസാന വട്ട ശ്രമമെന്ന നിലയില്‍ സമീപത്തെ കാക്കക്കൂടുകളും പരിശോധിക്കാന്‍ നസീര്‍ തീരുമാനിച്ചു. അങ്ങനെ തെങ്ങിൻ മുകളിലെ കാക്കക്കൂടു പരിശോധിച്ചപ്പോൾ, ഉണങ്ങിയ പുല്ലുകൊണ്ട് മനോഹരമാക്കിയ കൂടിനുള്ളിൽ ഫാത്തിമയുടെ സ്വർണ വള സൂക്ഷിച്ചു വെച്ചിരിക്കുന്നു. തെങ്ങിൻ മുകളിലെ കള്ളനെ പിടികിട്ടിയെങ്കിലും തൽക്കാലം തൊണ്ടിമുതൽ മാത്രം എടുത്തുകൊണ്ട് നസീർ തിരികെയിറങ്ങി.