കോഴിക്കോട്: താമരശ്ശേരി അണ്ടോണയിൽ ബസിന് അടിയിൽ അകപ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിന്‍റെ മകൾ ഫാത്തിമ മിൻസിയ (20) ആണ് ആശുപത്രിയിൽ വച്ച് മരിച്ചത്.താമരശ്ശേരി മാനിപുരം റോഡില്‍ അണ്ടോണ പൊയിലങ്ങാടിയില്‍ ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഫാത്തിമയും സുഹൃത്ത് പുനൂർ സ്വദേശിനി ഫിദ ഫർസാനയും. എതിരെ വന്ന പിക്കപ്പ് വാൻ തട്ടിയതിനെ തുടർന്ന് ഇരുവരും ബസിന് മുന്നിലേക്ക് തെറിച്ച് വീഴുകയായിരുന്നു. രണ്ടുപേരെയും ഉടൻ തന്നെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ ഫാത്തിമ മിൻസിയയെ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വാൻ തട്ടി റോഡിലേക്ക് മറിഞ്ഞ സ്കൂട്ടറിലേക്ക് ബസ് കയറിയതാണ് അപകടത്തിന് കാരണമെന്ന് സമീപവാസികൾ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയിരുന്നു. പെരിയാംതോട് സ്വദേശിയുടേതാണ് പിക്കപ്പ് വാനെന്ന് പിന്നീട് കണ്ടെത്തി. വാഹനം പിടിച്ചെടുത്ത പൊലീസ് ഡ്രൈവർ അസൈനാരെ കസ്റ്റഡിയിലെടുത്തു.കൂടെ യാത്ര ചെയ്ത ഫിദ ഫർസാന ചികിത്സയിൽ കഴിയുകയാണ്. ഇരുവരും മണാശേരി കെഎംസിടി മെഡിക്കൽ കോളേജിൽ ബി ഫാം വിദ്യാർത്ഥികളാണ്. സെക്കീനയാണ് മരിച്ച ഫാത്തിമ മിൻസിയയുടെ മാതാവ്. മിൻഷാദ്, സിനാദ് എന്നിവർ സഹോദരങ്ങളാണ്.