തൃശൂർ: പ്രധാനമന്ത്രിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം പി. നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചാൽ നേരിടാൻ തയാറെന്ന് വെല്ലുവിളി. തൃശൂരിൽ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം.പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം. മണിപ്പൂരിലെ വിശ്വാസികളുടെ വേദനയ്ക്ക് ആദ്യ മറുപടി തൃശൂരിലായിരിക്കും.മണിപ്പൂരിലെ വിശ്വാസികളുടെ വേദന മനസ്സിലാക്കി കൊടുക്കാൻ പറ്റിയ സ്ഥലം തൃശൂരാണ്.സുരേഷ് ഗോപി എത്ര കിരീടം സമർപ്പിച്ചാലും മണിപ്പൂർ പരാമർശത്തിന് പകരമാവില്ല.
മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശൂരുകാർ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു.
മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്.നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും. ഇന്ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.