പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ടൂറിസം ജീവനക്കാരന്‍ പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളി ആനപ്പാറ സെന്റ് ജോര്‍ജ് യാക്കോബായ സിംഹാസന പള്ളിയിലായിരുന്നു സംസ്‌കാരം. വന്‍ പ്രതിഷേധത്തിനു ശേഷമാണ് പോളിന്റെ സംസ്‌കാരം നടത്തിയത്.
മൃതദേഹം വിപാലയാത്രയായി വീട്ടില്‍ നിന്ന് പള്ളിയില്‍ എത്തിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ വന്‍ പ്രതിഷേധം അരങ്ങേറിയതോടെ ഇത് ഒഴിവാക്കേണ്ടതായി വന്നു. വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം ഒരു മണിക്കൂറില്‍ അതികമാണ് ആംബുലന്‍സില്‍ വച്ചത്. പോളിന്റെ കുടുംബത്തിന് സഹായധനമായി 10 ലക്ഷം രൂപ നല്‍കുമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും അറിയിച്ചതോടെ പ്രതിഷേധം അവസാനിച്ചത്.
വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.