Share this Article
പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവർന്നു; യുവതി അറസ്റ്റില്‍
വെബ് ടീം
posted on 28-02-2024
1 min read
Robbery by spraying chilli powder- woman arrested-koodathayi model

തൃപ്പൂണിത്തുറ: പര്‍ദ ധരിച്ചെത്തി പട്ടാപ്പകല്‍ ചിട്ടി സ്ഥാപനമുടമയെ മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിച്ച് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതില്‍ ഫസീല (36) യെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസില്‍ പ്രതിയായ ഫസീല ഒറ്റപ്പാലത്ത് കൂടത്തായി മോഡല്‍ കൊലപാതക ശ്രമക്കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാന്‍ഡിനു സമീപം സാന്‍ പ്രീമിയര്‍ ചിട്ടി സ്ഥാപനയുടമ തൃപ്പൂണിത്തുറ കീഴത്ത് വീട്ടില്‍ കെ.എന്‍. സുകുമാര മേനോനാണ് (72) കഴിഞ്ഞ 21-ന് കാലത്ത് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്.

ഓഫീസിലെ മേശയില്‍നിന്ന് പതിനായിരം രൂപയും സുകുമാര മേനോന്റെ രണ്ടര പവന്റെ മാലയും ഇവര്‍ കവര്‍ന്നിരുന്നു. കണ്ണിന്റെ ഭാഗം മാത്രം തുറന്ന രീതിയിലുള്ള കറുത്ത പര്‍ദ ധരിച്ചു വന്നയാളാണ് പെട്ടെന്ന് മുഖത്ത് മുളകുപൊടി സ്പ്രേ ചെയ്ത് തന്നെ ആക്രമിച്ച് പണവും ആഭരണവും കവര്‍ന്നതെന്ന് സുകുമാരമേനോന്‍ പറഞ്ഞിരുന്നു.

പര്‍ദ ധരിച്ചെത്തിയ പുരുഷനായിരുന്നു അക്രമി എന്നാണ് സംശയിച്ചിരുന്നത്. എന്നാല്‍, പൊലീസ്  ഒട്ടേറെ സി.സി.ടി.വി. ക്യാമറകളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച നടത്തിയത് സ്ത്രീ തന്നെയാണെന്ന് ഉറപ്പിച്ചു. ഇവര്‍ കവര്‍ച്ചയ്ക്കുശേഷം ഓട്ടോറിക്ഷയില്‍ കണ്ണന്‍കുളങ്ങരയില്‍ വന്നിറങ്ങി പര്‍ദ അഴിച്ചുമാറ്റി ഓടുന്നതും തിരിച്ച് നടന്നു വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫസീല അറസ്റ്റിലായത്.

രണ്ട് വര്‍ഷമായി ചിട്ടി സ്ഥാപന ഉടമയുടെ വീടിനു സമീപമുള്ള ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുകയാണ് ഫസീല. ഈ ചിട്ടി സ്ഥാപനത്തില്‍ മറ്റൊരാളുടെ പേരിലുള്ള ചിട്ടിക്ക് 2022 മുതല്‍ പണം അടയ്ക്കാനായി എല്ലാ മാസവും എത്തുമായിരുന്നു. ഇവിടത്തെ കാര്യങ്ങളെല്ലാം മനസ്സിലാക്കിയാണ് രാവിലെ ഓഫീസില്‍ സ്ഥാപനമുടമ മാത്രമുള്ള സമയം നോക്കി എത്തി കവര്‍ച്ച.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories