വയനാട്: പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽ നിന്നു പൊലീസ് കണ്ടെത്തി. പനമരം ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി, കൂട്ടുകാരിയുടെ തൃശൂരുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണു പോയത്. പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. ശനിയാഴ്ചയാണു കുട്ടിയെ കാണാതായത്.
തൃശൂർ സിറ്റി പൊലീസിന്റെ സഹായത്തോടെ പാലപ്പെട്ടി വളവിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയോടൊപ്പം കൂട്ടുകാരിയുടെ അമ്മ, ഭർത്താവ് എന്നിവർ ഉണ്ടായിരുന്നു. കുട്ടിയുടെ മൊഴി എടുത്ത് കോടതിയിൽ ഹാജരാക്കി മാതാപിതാക്കളോടൊപ്പം വിട്ടു. കൂട്ടുകാരിയുടെ അമ്മയ്ക്കും അച്ഛനുമെതിരെ കേസെടുത്തു. കുട്ടിയെ എന്തിനാണു കൊണ്ടുപോയത് എന്ന് അന്വേഷിച്ചുവരികയാണ്.