Share this Article
Union Budget
വികട ന്യായങ്ങള്‍ പറയുന്നവരോട് പരിതപിക്കുന്നു'; കേന്ദ്രസർക്കാരിനും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കുമെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
വെബ് ടീം
posted on 03-02-2025
1 min read
cm

കണ്ണൂര്‍: ബജറ്റ് അവഗണനയില്‍ കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ഭിന്നതയുടെ പേരില്‍ കേന്ദ്രം പകപോക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കണ്ണൂരില്‍ സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തിന് അര്‍ഹതയുള്ളത് കേന്ദ്ര ബജറ്റില്‍ നല്‍കിയില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. നാടിനെ ബാധിക്കുന്ന വിഷയത്തില്‍ ഒന്നിച്ച് പ്രതിഷേധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്ത് ജീവിച്ച് സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവര്‍ വികട ന്യായങ്ങള്‍ പറയുന്നുവെന്നും അവരോട് പരിതപിക്കുകയല്ലാതെ എന്ത് പറയാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ എല്ലാത്തിലും പൂര്‍ണ അവഗണനയാണ് നേരിടുന്നത്. എയിംസ് ഇതുവരെ കേരളത്തിന് നല്‍കിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നല്‍കിയില്ല. വയനാടിന്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories