കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ കഫറ്റീരിയയ്ക്കു സമീപം മാലിന്യക്കുഴിയിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ സൗരഭിന്റെ മകൻ റിതൻ ജാജുവാണ് മരിച്ചത്. ജയ്പുരിൽനിന്നു വെള്ളിയാഴ്ച രാവിലെ 11.30നു ലാൻഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്.
സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് അപകടം.സിപിആർ നൽകിയിട്ടും കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേ ബിപിയും പൾസും തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് കുട്ടിയുടെ ആരോഗ്യനിലയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആഭ്യന്തര ടെർമിനലിനു പുറത്തുള്ള ‘അന്നാ സാറ’ കഫേയുടെ പിൻഭാഗത്താണ് അപകടം നടന്നതെന്ന് സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇവിടേക്ക് നടവഴിയില്ല. ഒരു വശം കെട്ടിടവും മറ്റു മൂന്നുവശം ബൊഗെയ്ൻ വില്ല ചെടി കൊണ്ടുള്ള വേലിയുമാണ്.