കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുറ്റിക്കാട്ടൂർ സ്വദേശി ജിസ്ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
13 ദിവസം മുൻപാണ് ഇവരെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വിദേശത്തുനിന്ന് ഉൾപ്പെടെ മരുന്ന് എത്തിച്ചു നൽകിയെങ്കിലും ഫലമുണ്ടായില്ല. അമീബിക് മസ്തിഷ്ക ജ്വരത്തെ തുടർന്നുള്ള ഈ വർഷത്തെ രണ്ടാമത്തെ മരണമാണ് ഇത്. കഴിഞ്ഞദിവസമാണ് ചെങ്ങോട്ട്കാവ് കുഞ്ഞിലാരി സ്വദേശിനി രോഗബാധയെ തുടർന്ന് മരിച്ചത്. രണ്ട് മരണങ്ങളിലും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. അത് വലിയ ആശങ്ക പരത്തിയിട്ടുണ്ട്. കുറ്റിക്കാട്ടൂരിലും ചെങ്ങോട്ട് കാവിലും ജാഗ്രത നിർദ്ദേശം നൽകി.