കോഴിക്കോട്: വിവാദങ്ങള്‍ക്കിടെയിലും 200കോടി ക്ലബിലെത്തിയ എമ്പുരാന്‍ സിനിമ കണ്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഭാര്യ വീണാ വിജയനൊപ്പമാണ് മന്ത്രി പെരുന്നാള്‍ ദിനത്തില്‍ ചിത്രം കാണാന്‍ എത്തിയത്. മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണയെന്ന് ചിത്രം കണ്ടിറങ്ങിയശേഷം മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയെ സിനിമയായി കാണണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.'ഏതൊരു സിനിമ കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും വിമര്‍ശിക്കാനും നല്ലത് പറയാനുമുള്ള അവകാശം ജനാധിപത്യ രാജ്യത്തുണ്ട്. ഇവിടെ അസഹിഷ്ണുതയുടെ പര്യായമായി, ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നവരായി ചിലര്‍ മാറുകയാണ്.
ഗുജറാത്ത് വംശഹത്യ രാജ്യംകണ്ട വംശഹത്യകളില്‍ ഏറ്റവും ഭയാനകവും കടുത്ത പ്രയാസം സൃഷ്ടിക്കുന്നതുമാണ്. അതിന് നേതൃത്വം കൊടുത്തത് ആരാണെന്ന് കേരളത്തിലെ ഒന്നാംക്ലാസിലെ കുട്ടിക്കുവരെ മനഃപാഠമാണ്. അതൊരു സിനിമയില്‍ വരുമ്പോള്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. അതില്‍ വിറങ്ങലിച്ച് അസഹിഷ്ണുതയോടെ നിലപാട് സ്വീകരിച്ചിട്ട് കാര്യമില്ല', മുഹമ്മദ് റിയാസ് പറഞ്ഞു.'രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഏത് ആശയമാണ്, ഗുജറാത്ത് വംശഹത്യ ഏത് ആശയത്തിന്റെ ഭാഗമായാണ് എന്നൊക്കെ മലയാളിക്ക് മനഃപാഠമാണ്. അത് ഒരു സിനിമയില്‍ വരുമ്പോള്‍, ആ സിനിമ അങ്ങനെയങ്ങ് മുന്നോട്ടുപോവേണ്ട എന്ന നിലപാട് സംഘപരിവാര്‍ ശക്തികള്‍ സ്വീകരിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല', അദ്ദേഹം അഭിപ്രായപ്പെട്ടു.
'മതവര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കേരളത്തിന്റെ മണ്ണില്‍ സ്ഥാനമില്ലെന്ന പ്രഖ്യാപനമാണ് ചിത്രത്തിന് ലഭിച്ച പിന്തുണ. എന്ത് വെട്ടിമാറ്റിയാലും ചരിത്രത്തിലെ വസ്തുതകളെ വെട്ടിമാറ്റാനാകില്ല. സിനിമ സംവിധാനം ചെയ്തതിന് ആരെയെങ്കിലും ആക്രമിച്ച്, ഒറ്റപ്പെടുത്തിക്കളയാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് ലോകത്തിന്റേയും കേരളത്തിന്റേയും ചരിത്രം മറന്നുകൊണ്ടുള്ള നിലപാടാണ്', മന്ത്രി വ്യക്തമാക്കി.