Share this Article
വിദേശത്തേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞുവീണു; ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു
വെബ് ടീം
posted on 30-04-2024
1 min read
girl-dies-before-uk-journey

നീണ്ടൂർ: യു.കെ.യിലേക്കുപോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ കുഴഞ്ഞുവീണ പെണ്‍കുട്ടി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ(24)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലാണു മരിച്ചത്.

ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരിയിലേക്കുപോയതാണ്. രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലാണ് യാത്ര നിശ്ചയിച്ചിരുന്നത്. ആലപ്പുഴയിലെത്തിയപ്പോള്‍ മുതല്‍ സൂര്യ ഛര്‍ദിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയ്ക്കുള്ള പരിശോധനകള്‍ക്കായി സൂര്യ വിമാനത്താവളത്തിലേക്കുകയറി. അതിനിടെ കുഴഞ്ഞുവീണു. തുടര്‍ന്ന്, അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രിതന്നെ പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബന്ധുക്കളോടു യാത്രപറയാനിറങ്ങിയപ്പോള്‍ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. എന്തെങ്കിലും തരത്തിലുള്ള അലര്‍ജി കാരണമാണോ മരണമെന്നു വ്യക്തമല്ല. കൂടുതല്‍ വിവരം പോസ്റ്റ്മോര്‍ട്ടവും ആന്തരീകാവയവങ്ങളുടെ പരിശോധനയും നടത്തിയാലേ വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു. മൃതദേഹം ആലപ്പുഴയില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories