Share this Article
തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു
വെബ് ടീം
posted on 05-01-2024
1 min read
hate-statements-against-women-case-against-samastha-leader-umar-faizy-mukkam

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്. വനിത അവകാശ പ്രവർത്തക നിസയുടെ അധ്യക്ഷ വി.പി. സുഹ്റ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് നടപടി. മതവികാരം വ്രണപ്പെടുത്തൽ അടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന പരാമർശം സമസ്ത നേതാവ് ഉമർ ഫൈസി മുക്കം നടത്തിയത്. തട്ടമിടാത്ത സ്ത്രീകളെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമീഷണർക്കാണ് വി.പി. സുഹ്റ പരാതി നൽകിയത്. ഒക്ടോബറിൽ നൽകിയ പരാതി നടക്കാവ് പൊലീസിന് കമ്മീഷണർ കൈമാറുകയായിരുന്നു.

പൊലീസ് നടപടിയിൽ സന്തോഷമുണ്ടെന്നും നിയമനടപടിയുമായി ഏതറ്റം വരെയും പോകുമെന്നും വി പി സുഹറ വ്യക്തമാക്കി. 

എന്നാൽ താൻ പറയാത്ത കാര്യങ്ങളാണ് ചാനലിൽ വന്നതെന്നും തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണ് എന്ന പരാമർശം നടത്തിയിട്ടില്ല എന്നും ഉമ്മർ ഫൈസി മുക്കം പറഞ്ഞു. തട്ടമിട്ട് അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ല എന്നാണ് പറഞ്ഞതെന്നും മതത്തിന്റെ കാര്യമാണ് പറഞ്ഞതെന്നും ഉമർ ഫൈസി പറഞ്ഞു.

വിപി സുഹറ മതസ്പർദ്ധ ഉണ്ടാക്കി എന്ന് ആരോപിച്ച് സമസ്ത യുവജന വിഭാഗമായ എസ് വൈ എസും, നല്ലളം സ്കൂളിലെ പിടിഎ പ്രസിഡണ്ട് ഷാഹുൽഹമീദും നൽകിയ പരാതിയും നിലനിൽക്കുന്നുണ്ട്. ഉമർ ഫൈസിക്കെതിരായ പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രതിഷേധം സർക്കാരിനെ അറിയിക്കുമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories