കൊച്ചി : പതിനഞ്ചുകാരനെയും കൂട്ടുകാരനെയും മർദിച്ച കേസിൽ ഒളിവിലായിരുന്ന യുഡിഎഫ് പഞ്ചായത്ത് അംഗവും ഭർത്താവും അറസ്റ്റിൽ.മുളവുകാട് പൊലീസ് വൈക്കത്തുള്ള ബന്ധുവീട്ടിൽനിന്നാണ് ഇവരെ വ്യാഴാഴ്‌ച അറസ്റ്റ് ചെയ്തത്.
ഡിസംബർ 31ന് മുളവുകാട്ട് നടന്ന പുതുവത്സരാഘോഷ പരിപാടിയിൽ ഡാൻസ് കളിക്കുകയായിരുന്ന പതിനഞ്ചുകാരനെയും കൂട്ടുകാരനെയും മുളവുകാട് പഞ്ചായത്ത് ആറാംവാർഡ് അംഗം ലക്സിയും ഭർത്താവ് ഫ്രാൻസിസും ചേർന്ന് സ്റ്റേജിനുപിന്നിലേക്ക് കൊണ്ടുപോയി വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ക്രൂരമായി മർദിക്കുകയായിരുന്നു.
പതിനഞ്ചുകാരന്റെ വാരിയെല്ലിന് പൊട്ടലുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്. പൊലീസ് ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനിരുന്നപ്പോഴാണ് പഞ്ചായത്ത് അംഗവും കുടുംബവും ഒളിവിൽ പോയത്.
കഴിഞ്ഞദിവസം ഇവർക്കെതിരെ, മർദനമേറ്റ രണ്ടാമത്തെ കുട്ടിയുടെ അച്ഛനും പരാതി നൽകിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് മുളവുകാട് പൊലീസ് പറഞ്ഞു.