Share this Article
image
പന്തളം രാജകുടുംബാംഗം പി ജി ശശികുമാര വര്‍മ അന്തരിച്ചു
വെബ് ടീം
posted on 13-02-2024
1 min read
pandalam-royal-family-member-pg-sasikumar-varma-passed-away

പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും കൊട്ടാരം നിർവാഹക സംഘം മുൻ അദ്ധ്യക്ഷനുമായ പി.ജി. ശശികുമാര വർമ്മ അന്തരിച്ചു.  ഹൃദയാഘാതത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.നിര്യാണത്തെ തുടര്‍ന്നു പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം അടച്ചു. 

കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബികത്തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ജനനം. ദേശാഭിമാനിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ച ശേഷവും വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് ,​ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

കൊട്ടാര നിര്‍വാഹക സംഘം മുന്‍ പ്രസിഡന്റായിരുന്നു. ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ അന്ന് ശശികുമാര വര്‍മ എടുത്ത നിലപാട് അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയതും ശശികുമാര വര്‍മ ആണ്.

1996ലെ ഇ.കെ. നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി.എ ആയും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.ഭാര്യ : മീര വർമ്മ (കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരം)​ മക്കൾ : സംഗീത വർമ്മ,​ അരവിന്ദ് വർമ്മ ( സീനിയർ സബ് എഡിറ്റർ കേരളകൗമുദി)​ ,​ മഹേന്ദ്ര വർമ്മ (അക്കൗണ്ടന്റ്)​ . മരുമകൻ: നരേന്ദ്രവർമ്മ (സെക്ഷൻ ഓഫീസർ,​ സെക്രട്ടേറിയേറ്റ്)​. പന്തളം കൊട്ടാരത്തിലെ പൊതുദർശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നുമണിയോടെ സംസ്കാരം നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories