പെരുമ്പാവൂർ: റോഡ് കുറുകെ കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. കടുവാൾ രാജ്മന്ദിർ അപ്പാർട്ട്മെൻ്റ് ലീല ഹോംസ് കുണ്ടുകുളം വീട്ടിൽ സിസിലി (67) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12ന് ടൗൺ സിഗ്നൽ ജംക്‌ഷനിൽ ആയിരുന്നു അപകടം.
സിഗ്‌നൽ കാത്തു വാഹനങ്ങൾ കിടക്കുന്നതിനിടെ സിസിലി റോഡിന്റെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനിടെ സിഗ്‌നൽ ലഭിച്ചതോടെ ലോറി മുന്നോട്ടെടുക്കുകയും സിസിലിയെ ഇടിക്കുകയുമായിരുന്നു. ലോറിയുടെ മുൻവശത്തെയും പിന്നിലെയും ടയറുകൾ സിസിലിയുടെ ദേഹത്തുകൂടി കയറിയിറങ്ങി. അഗ്നിരക്ഷാസേനയും പെരുമ്പാവൂർ പൊലീസും ചേർന്നാണ് ലോറിക്കടിയിൽനിന്ന് സിസിലിയെ പുറത്തെടുത്തത്.
അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ഇവർ പച്ചക്കറി വാങ്ങാൻ ടൗണിലെത്തിയതായിരുന്നു. ലോറിയെയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിലിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മഴുവന്നൂർ മംഗലത്ത് നടമംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ താരു. മകൻ: റിനോയ്. മരുമകൾ: പ്രിൻസി (ഇരുവരും ദുബായ്)