Share this Article
image
'മുഖ്യമന്ത്രി അപ്പൂപ്പാ ഇത് ശരിയാക്കി തരുമോയെന്ന് എൽകെജി വിദ്യാർത്ഥിനിയുടെ നിവേദനം; ചോദ്യം മുഖ്യമന്ത്രി കണ്ടു, പരിഹരിക്കാമെന്ന് പഞ്ചായത്ത്, സന്തോഷത്തിൽ അൻവിത
വെബ് ടീം
posted on 21-02-2024
1 min read
cm-pinarayi-vijayan-considered-anvita-s-plea-panchayat-will-take-action-for-the-park

മാന്നാർ:''ഞങ്ങൾ കുട്ടികൾക്ക് പേടി കൂടാതെ കളിക്കാൻ നല്ലൊരു പാർക്ക് അനുവദിച്ചു തരുമോ മുഖ്യമന്ത്രി അപ്പൂപ്പാ'' എന്ന അൻവിതയുടെ നിവേദനത്തിന് മറുപടിയെത്തി. കുട്ടികളായ ഞങ്ങൾക്ക് ഉല്ലസിക്കാൻ ഒരു പാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായാണ് അൻവിത മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി കാത്തിരുന്നത്. മാന്നാർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ കുട്ടേമ്പേരൂർ കൈമാട്ടിൽ വീട്ടിൽ വിനീതിന്റെയും ആതിരയുടെയും മകളായ അൻവിത ചെങ്ങന്നൂരിൽ നടന്ന നവകേരള സദസിനോട് അനുബന്ധിച്ച് ഉണ്ടായിരുന്ന കൗണ്ടറിലാണ് മാന്നാറിൽ ഒരു പാർക്ക് വേണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്. 

മാന്നാർ അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ അൻവിതക്ക് കഴിഞ്ഞ ദിവസമാണ് നിവേദനത്തിന്മേൽ നടപടി കൈക്കൊള്ളുമെന്ന് അറിയിച്ചുള്ള  മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് ലഭിച്ചത്. 

അൻവിത സമർപ്പിച്ച അപേക്ഷ പരിശോധിച്ചെന്നും ഭരണ സമിതിയുടെ അംഗീകാരത്തോടെ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ടിന്റെ ലഭ്യത അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി വി ജയകുമാർ അൻവിതക്ക് അയച്ച കത്തിൽ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തന്റെ ആവശ്യം പരിഗണിച്ച സന്തോഷത്തിലാണ് അൻവിത.

അതേസമയം, നവകേരള സദസ് തുണയായ അനന്തുവിനും  അല്ലുവിനും ഇനി വൈദ്യുതി വെളിച്ചത്തിൽ പഠിക്കാം. അപേക്ഷ നൽകി ഒരു മാസത്തിനകം കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടില്‍ വൈദ്യുതി എത്തിച്ചു. ചെന്നിത്തല മുക്കത്ത് കോളനിയിൽ അജയകുമാർ - ബിൻസി ദമ്പതികളുടെ മക്കളാണ് പ്ലസ് ടു വിദ്യാർത്ഥിയായ അനന്തുവും പത്താം ക്ലാസ് വിദ്യാർത്ഥിയായ അല്ലുവും. 

അജയകുമാർ ഹൃദ്രോഗിയാണ്. ജോലിക്ക് പോകാൻ കഴിയില്ല. അംഗനവാടിയിൽ ഹെൽപ്പറായ ബിൻസിക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഭർത്താവിന്റെ മരുന്നിനും മക്കളുടെ പഠന ചെലവിനും വീട്ടുചെലവിനും ഒന്നും വരുമാനം തികയാത്ത അവസ്ഥ. അതുകൊണ്ട് തന്നെ വൈദ്യുതി എന്നത് ഒരു സ്വപ്നം മാത്രമായി നില്‍ക്കെയാണ് ചെങ്ങന്നൂരില്‍ നവകേരള സദസ്സ് എത്തുന്നത്. വൈദ്യുതി കണക്ഷന്‍ ആവശ്യപ്പെട്ട് അപേക്ഷ നല്കി. ഒരു മാസമെത്തിയപ്പോഴേക്കും സര്‍ക്കാരിന്‍റെ സമ്മാനമായി വീട്ടില്‍ വെളിച്ചമെത്തി. മെഴുകുതിരി വെളിച്ചത്തോട് ഇനി വിട പറയാം.

നവകേരള സദസ്സിൽ അപേക്ഷ കൊടുക്കാന്‍ മുന്‍കൈ എടുത്തത് ചെങ്ങന്നൂർ കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സിബു വർഗീസ് ആണ്. കെഎസ്ഇബി ഉദ്യോഗസ്ഥരും മനസ്സറിഞ്ഞ് കുടുംബത്തോടൊപ്പം നിന്നു. ഒരു പൈസ പോലും സർവീസ് ചാർജായി ഈടാക്കിയില്ല. കൂടാതെ വീട്ടിലേക്ക് രണ്ട് ഫാനും ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories