തൃശൂർ: പൊലീസിനെ വെല്ലുവിളിച്ചും പ്രകോപനപരമായ പ്രസംഗം നടത്തിയും കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ. യൂണിഫോം അഴിച്ച് തൃശൂർ അങ്ങാടിയിൽ ഇറങ്ങിയാൽ അടിച്ചിരിക്കുമെന്ന് ഗോകുൽ പ്രസംഗിച്ചു. സിപിഒ ശിവപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് ഗോകുലിന്റെ വിവാദ പ്രസംഗം. തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നതെന്ന മുന്നറിയിപ്പും ഗോകുലിന്റെ പ്രസംഗത്തിലുണ്ട്. പ്രസംഗത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
തൃശൂർ ലോ കോളജിൽ കുറച്ചു ദിവസങ്ങളിലായി എസ്എഫ്ഐ, കെഎസ്‍യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകര്‍ക്കെതിരെ കേസെടുക്കുകയും അവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരായ പ്രതിഷേധ യോഗത്തിലാണ് കെഎസ്‌യു അധ്യക്ഷൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.
‘‘എസ്എഫ്ഐയുടെ വാക്കും കേട്ട് ലോ കോളജിലെ കെഎസ്‌യുവിനെ തല്ലിച്ചതയ്ക്കുന്നതിനുമാത്രം കടന്നുവന്ന തൃശൂർ ജില്ലയിലെ എസിപി അടക്കമുള്ള പൊലീസ് സംവിധാനത്തോടു കൂടിയാണ് പറയുന്നത്. എല്ലാക്കാലവും ഭരണം പിണറായി വിജയന്റേതായിരിക്കില്ല. എല്ലാക്കാലവും പിണറായി വിജയൻ തന്നെയായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി. ഭരണം മാറും.
ഞങ്ങളുടെ വിദ്യാർഥികളെ തല്ലിച്ചതച്ച സിപിഒ ശിവപ്രസാദിനോട് അടക്കമാണ് പറയുന്നത്. ഇവിടെ പൊലീസുകാർ വിഡിയോ എടുക്കുന്നുണ്ട്. ആ വിഡിയോ എടുക്കുന്ന പൊലീസുകാരോടു കൂടിയാണ് പറയുന്നത്. ശിവപ്രസാദിനെ ഞങ്ങൾ നോട്ടമിട്ടിട്ടുണ്ട്. അവനെ ഞങ്ങൾ തെരുവിൽ നേരിടുക തന്നെ ചെയ്യും. ഞങ്ങൾ സംയമനം പാലിക്കുന്നതു നിങ്ങൾ ഇട്ടിരിക്കുന്ന യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണ്. ആ യൂണിഫോം ഊരി നിങ്ങൾ തൃശൂർ അങ്ങാടിയിലേക്ക് ഇറങ്ങിയാൽ പൊന്നുമക്കളേ നിങ്ങളെ ഞങ്ങൾ അടിച്ചിരിക്കും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.’’ – ഗോകുൽ പറഞ്ഞു.