പത്തനംതിട്ട: കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കി നിയമ വിദ്യാർഥി. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലാണ് സംഭവം. മതിയായ ഹാജരില്ലാത്തതിനാൽ മൂന്നാം സെമസ്റ്റർ നിയമവിദ്യാർഥിയായ അശ്വിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെൻ്റ് തീരുമാനമെടുത്തിരുന്നു.ഇതിൽ പ്രതിഷേധിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർഥി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
പ്രിൻസിപ്പാളുടെ ഓഫീസിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിൽ മനനൊന്താണ് വിദ്യാർഥി പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.വൈകാതെ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അശ്വിനെ അനുനയിപ്പിച്ച് താഴെയിറക്കി. ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം.
അതേ സമയം അശ്വിൻ്റെ ലൈഫാണ് പ്രധാനമെന്നും കോളേജിൽ തിരിച്ചെടുക്കാമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ട്.