Share this Article
Union Budget
ബാലരാമപുരത്തെ കുഞ്ഞിന്റെ കൊലപാതകം; അമ്മാവൻ ഹരികുമാർ അറസ്റ്റിൽ
വെബ് ടീം
posted on 30-01-2025
1 min read
DEVENDHU

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.

കുഞ്ഞിൻ്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്.ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേ സമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്. ദേവേന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിൽ ശ്വാസകോശത്തില്‍ വെള്ളം കയറിയ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളില്ലെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. മുത്തശ്ശിയും അച്ഛനും സ്റ്റേഷനിൽ നിന്നും തിരിച്ചെത്തിയതിന് ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്.ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും രണ്ട് വയസുകാരിയായ മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാവിലെ 8.15 ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്നതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories