കണ്ണൂർ: മോർച്ചറി വാതിലിൽ നിന്ന് ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തീവ്രപരിചരണത്തിലേക്ക് മാറ്റി ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയെത്തിയ പവിത്രൻ മരിച്ചു. കുത്തുപറമ്പ് പാച്ചപൊയ്ക സ്വദേശിയാണ് പവിത്രൻ. ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ഇയാൾ ആശുപത്രി വിട്ടിരുന്നു. വീട്ടിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
നേരത്തെ ശ്വാസരോഗത്തെ തുടർന്ന് മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. ഇവിടെ നിന്ന് പവിത്രനെ കണ്ണൂർ എകെജി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നു. മംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലൻസ് രാത്രിയോടെയാണ് കണ്ണൂർ ഹോസ്പിറ്റലിൽ എത്തിയത്. ആശുപത്രി ചിലവ് ആധികമായതിനാൽ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.