Share this Article
Union Budget
ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡനശ്രമം; ശബ്ദസന്ദേശം പുറത്ത്
വെബ് ടീം
posted on 17-02-2025
1 min read
VAKHIYATH KOYA

കോഴിക്കോട്:  ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനശ്രമം.മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി ഉയർന്നത്. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ശരീരത്തിൽ കടന്ന് പിടിച്ചു. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ബിൽ അടയ്ക്കാൻ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് പെൺകുട്ടിയുടെ പിതാവ്.ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയയുടെ സഹായവാഗ്ദാനം. താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്കാനുള്ള ആരോഗ്യമൊന്നും ഉണ്ടാവില്ലെന്നും ഇയാള്‍ പെണ്‍കുട്ടിയോട് പറയുന്നു.മരുന്നുവാങ്ങാന്‍ പോകാനായി കാറില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കൂടെക്കൂട്ടി. നല്ല മനസുള്ള കോയക്ക എന്ന് പെണ്‍കുട്ടിയും കരുതി. കാറില്‍ യാത്ര ചെയ്യവേ വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെക്കുറിച്ചായിരുന്നു ഘോരഘോര പ്രസംഗം. ബീച്ച് ആശുപത്രിയില്‍ നിന്നും മരുന്നുവാങ്ങി തിരിച്ചുവരുന്നതിനിടെയാണ് ചാരിറ്റിക്കാരന്റെ യഥാര്‍ഥ ലക്ഷ്യം പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. പിന്നെ തുറന്നുപറച്ചിലായിരുന്നു. ആദ്യഘട്ടത്തിലൊന്നും കാര്യം പിടികിട്ടിയില്ലെങ്കിലും അല്‍പനേരം കഴിഞ്ഞപ്പോള്‍ കോയയുടെ ലക്ഷ്യം ബോധ്യപ്പെട്ടെന്നും പെണ്‍കുട്ടി പറയുന്നു.

മരുന്ന് കൊടുത്ത ശേഷം തന്റെ കൂടെ വരണമെന്നും വയനാട്ടിലേക്ക് പോകാമെന്നും അവിടെ മുറിയെടുത്ത് താമസിക്കാമെന്നും കോയ പെണ്‍കുട്ടിയോട് പറഞ്ഞു. അവിടെ ആദ്യരാത്രി ആഘോഷിക്കാമെന്നും ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂവെന്നും മോള്‍ക്കും എന്തും തുറന്നുപറയാന്‍ അപ്പഴേ സാധിക്കുള്ളൂവെന്നും ഇയാള്‍ പറഞ്ഞു. വാഖിയത് കോയ പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി.പരാതിയുടെ പശ്ചാത്തലത്തില്‍ കോയക്കെതിരായ അന്വേഷണത്തിലാണ് പൊലീസ്. എങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നും ഒരു മെല്ലെപ്പോക്ക് ആണെന്നും കുടുംബം ആരോപിക്കുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories