വയനാട് മുണ്ടക്കൈ -ചൂരല്‍മല പുനരധിവാസ ഭൂമിയില്‍ ടൗണ്‍ഷിപ്പിലെ മോഡല്‍ വീടുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് ഐഎഎസിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.
മുണ്ടക്കൈ ചൂരല്‍മല ദുരന്തം ഉണ്ടായി ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുനരധിവാസ ഭൂമിയായ കല്‍പ്പറ്റ എസ്റ്റേറ്റില്‍ വീടുകള്‍ക്കുള്ള നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന കിഫ്ബിയുടെയും കിഫ് കോണിന്റെയും, നിര്‍മ്മാണ കരാറുകാരായ ഊരാളിങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ജോലികള്‍ നടക്കുന്നത്.
ഒരു മാതൃകാവീടിന്റെ നിര്‍മ്മാണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ ചുമതലയുള്ള കിഫ്ബിയുടെ ചാര്‍ജ് ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു. വീടുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി അളന്നു തിരിച്ച സ്ഥലങ്ങളില്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. വീടുകളുടെ നിര്‍മ്മാണം നടക്കുന്നതിന് സമാന്തരമായി കെഎസ്ഇബി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.